കൊയ്ത് കഴിഞ്ഞ വിശാലമായ പാടം.അതിങ്ങനെ രണ്ട് കുന്ന്കളെ അക്കരെയെന്നും ഇക്കരെയെന്നും വേർതിരിച്ചു നീണ്ടു നിവർന്നു കിടക്കയാണ്.അതിലൊരു കണ്ടത്തില്.. കവുങ്ങ് തടികൊണ്ട് കുത്തനെയും വിലങ്ങനെയും കെട്ടിയുണ്ടാക്കിയ പോസ്റ്റ്... പന്ത് കളിയാണ്.. കാൽപന്ത് കളി...
വൈന്നേരം ആറുമണിമുതൽ ഗ്രൗണ്ടിലു....
കല്യാണം കഴിഞവരും... ഉടനെ കഴിക്കാനിരിക്കുന്നവരും.. അവര്ടെയൊക്കെ പ്രായമുള്ളവരും ആയിട്ടുള്ള യുവജനങ്ങളുടെ സമയമാണ്..അതിനു തൊട്ട് മുമ്പ് വരെ...കൗമാരക്കാരായിരിക്കും ഗ്രൗണ്ടിൽ....അവർക്കും മുമ്പ് ജൂനിയർ ബാച്ച്...അതിനുമൊക്കെ മുമ്പ്...ചുട്ടു പൊള്ളുന്ന പൊരിവെയ്ലത്തു പൈതങ്ങളുടെ കളിയുണ്ടാവും..
ഇതൊന്നും കളിക്കാർ.. കമ്മിറ്റി കൂടി ഐക്യകന്ടെനെ പാസാക്കിയ നിയമമല്ല...
പ്രായത്തിൽ മൂത്തവന്മാര്ടെ ഗുണ്ടായിസം കാരണം.. താനെ ഉരുത്തിരിഞ്ഞ് വന്ന...സമയക്രമമാണ്..
കളി കാണാനായിട്ട് വന്നവരും ഉണ്ട് കുറേ.. ആർകെങ്കിലും പരിക്ക് പറ്റിക്കഴിഞാലോ വീട്ടിന്ന് വിളി വന്നാലോ പകരം എറങ്ങാന്ന് കരുതി കുതിച്ചു നിൽക്കുന്നോരും ഉണ്ട്..
പള്ളീന്ന് മുക്രിന്റെ മഗ്‌രിബ് ബാങ്കും കഴിഞ്ഞു പിന്നേം ഇരുട്ടിയാലെ കളി തീരൂ..
ഇന്ന്...ഞാൻ ഗംഭീര പ്രകടനമായിരുന്നു... പെനാൽറ്റി കിട്ടിയ 2എണ്ണം പുറത്തേക്കു അടിക്കുക മാത്രമല്ലാ.. ഒരു സെല്ഫ് ഗോളുകൂടെ അടിച്ചിരിക്കുന്നു...
സ്വന്തം ടീമില്ള്ളവർ എന്നെ വളരെ അഭിനന്ദിചു.. കളി കഴിഞ്ഞാൽ ഒരു പാരിതോഷികം തരാൻ നിശ്ചയിക്കുകയും ചെയ്തു.
എട്ട് ഗോളിന് തോറ്റതിന്റെ നിരാശയും അരിശവും കാരണം തമ്മിൽ പഴി പറഞ്ഞു പാടം കടന്ന് എല്ലാരും പലവഴിക്കു പിരിഞ്ഞു. ഞാൻ വീടിനു നേരെ നടന്നു. നടക്കുമ്പോ, ചെരുപ്പിന്റെ പൊട്ടിയ വാറു കെട്ടിയ കെട്ടു കമ്പി കാലിൽ കുത്തിക്കൊണ്ടിരുന്നു..
കാലു കഴുകാൻ പൈപ്പ്ന്റെ അട്ത് ചെന്ന് ചേറു പറ്റിയ ഹവായി ചെരുപ്പീമ്മല് വെള്ളം ഒഴിച്ച് അലക്ക് കല്ലിൽ കാല് നല്ലോണം ഉരച്ചു.. പാടത്തെ ചേറ് കാലേന്ന് പോണോങ്കി...തൊലി പോണ വരെ ഉരക്കണം..
മൂത്രം ഒഴിക്കാൻ..പിലാവിന്റെ മറവിൽ
ചെന്ന് നിന്നപ്പോ.. കാലിന്റെ താഴെ ഒരനക്കം.. ഉടനെ കാല് വലിച്ചു..
പെരുവെരലീലോരു. നീറ്റൽ...
അകത്തുള്ള ഉമ്മായേ വിളിച് ടോർച്ചുവിളക്ക്മായിട്ട് വരാൻ കല്പിച്ചു...
"ന്റെ.. കാലിമ്മലെന്തോന്ന് കടിചീണ്.. "
ഉമ്മാ ബേജാറായി..
ഞാൻ ടോർച് വെളിച്ചത്തിൽ അവിടം.. ഒന്ന് പരതി.. ദേ കിടക്കുന്നു.. വളഞ്ഞുചുരുണ്ടുപുളഞ്ഞു ഒരുത്തൻ..
എന്റെ എടത്തെ നെഞ്ചിക്കൂടെ ഒരു വെള്ളിടി വെട്ടി..
"ഉമ്മാ.. പാമ്പ്.. "
ഞാൻ ഉമ്മായുടെ മുഖത്ത് നോക്കി..
"ന്റെ റബ്ബേ...."
ഉമ്മാ ബേജാറായി
അയൽവക്കത്തുളള മൂന്നാല് പേരെ ഉറക്കെ കരഞ്ഞു വിളിച്ചു..
ഞാൻ പതുക്കെ ചെന്ന് ഉമ്മറപ്പടീലിരുന്ന്.. കാലിമ്മേ തിരിച്ചും മറിച്ചും നോക്കി..
പെരുവിരലിന്റെ.. അറ്റത്തു.. ചെറിയ മുറിവ് ... നല്ല നീറ്റൽ..
നിലവിളി കേട്ട്..
വല്ലിമ്മ നിസ്കാരക്കുപ്പായതോടെ തസ്‌ബീഹു മാലയും പിടിച്ചോണ്ട് ഇറങ്ങി വന്നു..
"ബദ്രീങ്ങളെ... ന്റെ കുട്ടി..."
ചുറ്റുനിന്നും ആൾക്കാർ പാഞ്ഞുവന്ന്..കാര്യം തെരക്കി..
ഉമ്മാ നെലവിളി നിർത്താതെ കാര്യം പറഞ്ഞു..
വല്ലിമ്മാ ക്ഷോഭിച്ചു..
"ആരേലും പോയി കയരോ ഷീലക്കഷനമോ എടുത്തോണ്ട് വാ.. ഷെയ്താൻമാരെ.."
അവിടെ നിന്നോരെല്ലാം.. നാല് വഴിക്ക് ചെതറി...എല്ലാരും കൊണ്ടൊന്ന്.. ഓരോന്ന്..
മൂത്തമ്മാ ഒരു ഗ്ലാസില് വെള്ളം കൊണ്ടൊന്നു വല്ലിമ്മാടെ കയ്യിൽ കൊടുത്തു..
"കുട്ടിക്ക്ച്ചിരി ബള്ളം.. കൊട്താളി.."
വല്ലിമ്മ നെലോളിച്ചോണ്ട് പറഞ്ഞു.
"കുട്ടി.. ആ തൊള്ള തൊർക്ക്..."
"ച്ചിരി.. ബള്ളം കുടിചൂട് . "
എന്റെ കവിളത്തു പിടിച്ചു വായ കോട്ടി.. ഒരു ഗ്ലാസ് വെള്ളം പതുക്കെ കമിഴ്ത്തി.
അറബിയിലെന്തൊക്കെയോ ചൊല്ലിട്ട് കാലിൽ സുഫ് ..സുഫ്..ന്ന് ഊതി..
ഒപ്പം പന്ത് കളിക്കാൻ വരുന്ന..മാനുപ്പ..ഫുട്ബോൾ ബൂട്ടിന്റെ കയറൂരി ആദ്യം.. ഒരു കെട്ടു കെട്ടി..
നറച്ചു ആൾക്കാരും.. ഒരു പഞ്ചവർണക്കാലുമുള്ള വണ്ടി പോണത്.. അങ്ങാടീലിള്ളോരൊക്കെ കണ്ടു..
വെറുതെ.. ബസ് സ്റ്റോപ്പിൽ സൊറ.. പറഞ്ഞോണ്ടിരുന്ന ബഡ്ക്കൂസ്കൊളൊക്കെ കാര്യമറിഞ്ഞു ബൈക്ക് എടുത്തു വൈത്താലെ.. വന്നു....
കാര്യമെന്താന്ന് തലയാട്ടി ചോദിച്ച നാട്ടു കാരോടക്കെ.. അവന്മാര് ..പൊടിക്ക്.. സംഗതി കൂട്ടി പറഞ്ഞു.. ബോധം പോയെന്നും.. കൈച്ചിലാവാൻ സാധ്യത കൊറവാണെന്നും വരേ അതിലൊരുത്തൻ കാച്ചിക്കളഞ്ഞു ...
അപ്പൊഴും.. പത്തിരുപതുപേര്.. പാമ്പിനെ പിടിക്കാനുള്ള കഠിന പ്രയത്നത്തിലായിരുന്നു.മുറ്റത്തു കൂട്ടി വെച്ചിരുന്ന വിറക് കൊറേ മാറ്റിയിട്ടപ്പോൾ അതിനകത്തൂന്നു.. ലവൻ.. ചാടിയിഴഞ്ഞു .. ഒരുവൻ ഇറയത്തു ചാരി വച്ചിരുന്ന ഒലക്ക എടുത്ത് വളരെ സ്നേഹത്തോടെ ഒറ്റയടി.. തല ചതഞ്ഞ് പോയി.. ഒലക്കപ്രയോഗം നടത്തിയവന് നാട്ടുകാർ ജയ് വിളിച്ചു...ചത്ത പാമ്പിനേംകൊണ്ട്.. വീരശിരോമണികൾ ആശുപത്രീലേക്ക് കുതിച്ചു..
പാലത്തിന്റെ പണി നടക്കന്നോണ്ട് മൂന്നാല് കിലോമീറ്റർ കറങ്ങി വേണം പോവാൻ..
വണ്ടീലിരുന്ന് അവര് പലേ കാര്യങ്ങളും പറഞ്ഞു. ഒരാൾ രണ്ടാഴ്ച മുമ്പ് പാമ്പു കടിച്ചു മരിച്ച അയാള്ടെ അമ്മായിഅമ്മേടെ അകന്ന ബന്ധുവിന്റെ കാര്യം പറഞ്ഞു. ഒരുത്തൻ കടിച്ചപാമ്പിനെക്കൊണ്ട് വിഷമിറക്കിയിരുന്ന അയാള്ടെ ചത്തു പോയ അമ്മാചന്റെ അളിയൻ, നാട്ടുവൈദ്യരുടെ പോരിശ പറഞ്ഞു. പാമ്പിനേം നീർക്കോലിയേം കണ്ടാൽ തിരിച്ചറിയാത്ത വേറൊരുത്തൻ, മുറിവിന്റെ ലക്ഷണം കണ്ടിട്ട് അണലിയാണെന്നും...പ്രതീക്ഷ വേണ്ടെന്നും പറഞ്ഞു കളഞ്ഞു..
നാട്ടിൽ ശവക്കുഴി കുത്താൻ ആളെക്കിട്ടാത്തതിന്റെ കാര്യം വരെ അവരു പറയാൻ തുടങ്ങിയപ്പൊ..
എന്റെ ഹൃദയം, വണ്ടിയുടെ എഞ്ചിനെക്കാൾ ഉച്ചത്തില് പെരുമ്പറ കൊട്ടിതൊടങ്ങി....
കൂട്ടത്തിൽ ഗ്രാണശക്തി കൂടുതലുള്ള ഒരുവൻ.. സീറ്റ്‌ന് പുറകീന്ന് കൊറേ ലഡ്ഡു ഉണ്ടായിരുന്ന കവർ മണത്തു കണ്ടുപിടിച്ചു..എല്ലാർക്കും വിതരണം ചെയ്തു.
ചർച്ച കൊഴുത്തു തുടങ്ങിയപ്പൊ,കുറഞ്ഞ സമയം കൊണ്ട്.. ആ വണ്ടിക്കകത്തു മൂന്നു ഗ്രൂപ്പ് ഉണ്ടായി.. അമേരിക്കയിലെ തെരെഞ്ഞെടുപ്പിനെ പറ്റിയും സിറിയയിലെ യുദ്ധത്തെക്കുറിച്ചും നെയ്മറു ക്ലബ് മാറിയതിനെ കുറിച്ചും.. അവര് സംസാരിച്ചു.. തർക്കിച്ചു...ബഹളം വെച്ചു..
കയ്യാങ്കളിയുടെ വക്കെത്തിയപ്പോഴെക്കും.. ഏന്തി വലിഞ്ഞു.. മുരണ്ടു പുക തുപ്പി.. ഞങ്ങടെ വണ്ടി.. ആശുപത്രിയിൽ എത്തി..
പാമ്പിനേം കൊണ്ട് വന്നവന്മാര്...കാത്തു നിന്ന് മടുത്തിട്ട് രണ്ടാമത്തെ ചായേം കുടിച്ചു..നിൽപ്പ്ആണ്...
അരക്കഷണം ലഡ്ഡുവും പിടിച്ചോണ്ട് അഞ്ചട്ട് പേര് ചാടിയിറങ്ങി...പിന്നാലെ ബൈക്കിൽ വന്നവരും ഓടിയെത്തി.. സ്‌ട്രെക്ക്‌ച്ചർ വണ്ടി തള്ളിക്കൊണ്ട് വന്ന്.. എന്നെ എടുത്ത് പതുക്കെ കെടത്തി...
അത്യാഹിത വിഭാഗം...
സുന്ദരസുമുഖനായ ഒരു ഡോക്ടർ കാറ്റു പോലെ വന്നു.. പഞ്ചവർണ്ണക്കാല് കണ്ട് അമ്പരന്നു..
ഉടനെ കത്രിക എടുത്തു എല്ലാം കത്രിച്ചു..
വളരെ സൂക്ഷമമായ പരിശോധനക്കു ശേഷം....ഡോക്ടറു ഒട്ടു വളരെ പുച്ഛത്തോടെ പ്രഖ്യാപിച്ചു ..
"ഇത് പാമ്പും പഴുതാരയുമൊന്നും കടിച്ചതല്ലാ...
ആണിയോ കമ്പിയോ മറ്റോ കൊണ്ടുണ്ടായ സുന്ദരമായ മുറിവാകുന്നു!!... "
അകമ്പടിയായി വന്ന
ജനസഹസ്രങ്ങൾ ഇത് കേട്ട് അമ്പരന്നു....
എന്റെ മുഖത്തു മിഴിച്ചു നോക്കി.. ചെരുപ്പിന്റെ പൊട്ടിയ വാറിന് കെട്ടു കമ്പിയിട്ട് കെട്ടിയിരുന്ന കാര്യം ഞാനോർത്തു..
സ്‌ട്രെക്ക്‌ച്ചറിൽ മലർന്നു കെടന്ന ഞാൻ..ഇളിഞ്ഞ് ചിരിച്ചോണ്ട് കൈ കുത്തിയെനീറ്റു..
ഈ വാർത്ത ഉടനെ അവിടെയുള്ള ആരുടെയോ മൊബൈൽഫോണിൽക്കേറി വീട്ടിലെത്തിയപ്പോ..പെണ്ണുങ്ങളുടെ നിലവിളി, തേങ്ങൽ, മോങ്ങൽ, എന്നീ കലാപരിപാടികളൊക്കെ കറണ്ട് പോയ പോലെ നിന്നു..
ഉടനെ ഡോക്ടറുടെ അടുത്ത പ്രസ്താവനയുണ്ടായി..
"എന്തായാലും..നന്നായി.
നിങ്ങൾ ഒരഞ്ചു മിനിറ്റ് വൈകിയിരുന്നെങ്കി..ഈ കാലു മുറിച്ചു കളയേണ്ടി വന്നേനെ!!... "
പത്തു മുപ്പതു ബൈക്ക്കളും ഒരു നാലുചക്കറ വണ്ടിയും ജാഥ കണക്കെ റോട്ടിലിറങ്ങി...നാട്ടിലെ വാട്സ്ആപ്പ് ഗ്രൂപുകളിലൊക്കെ ബൈക്കിനു പുറകിലിരുന്ന് റിപ്പോർട്ടർമാർ 'ഓവർ', 'ഓവർ' പറഞ്ഞു .. അലറിചിരിക്കുന്ന ഇമോജികളെക്കൊണ്ട് ഗ്രൂപ്പ് നിറഞ്ഞു..
ലൈറ്റ് തെളിച്ചു.. നീട്ടി ഹോണടിച്ചു..ഇരമ്പി വരുന്ന ജാഥ കണ്ടു വാട്സ്ആപ്പും സ്മാർട്ട്‌ഫോണുമില്ലാത്ത വയസ്സന്മാര് തമ്മിൽ പറഞ്ഞു.."ഇന്ന് ആരോ കപ്പടിച്ചിട്ട്ണ്ട്.."
Write a comment ...